മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 56 പേരുടെ മൊഴി രേഖപ്പെടുത്തിയതായി മുംബൈ പൊലീസ് കമ്മിഷണർ പരം ബീർ സിങ് അറിയിച്ചു. സിനിമ മേഖല, സാമ്പത്തിക ഇടപാടുകൾ, ആരോഗ്യം എന്നിങ്ങനെ എല്ലാ വശങ്ങളിലും കൃത്യമായി അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ മൊഴി രണ്ടുതവണ രേഖപ്പെടുത്തുകയും നിരവധി തവണ പൊലീസ് സ്റ്റേഷനിൽ വിളിക്കുകയും ചെയ്തു.
ജൂൺ 16 ന് സുശാന്തിന്റെ പിതാവ് കെ.കെ സിങ്, സഹോദരി, സഹോദരൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ ഒരു വീഴ്ചയും അവർ അപ്പോൾ ഉന്നയിച്ചില്ല. സുശാന്ത് ബൈപോളാർ രോഗത്തിന്റെ ചികിത്സയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് 15 കോടി തട്ടിയെടുത്തതായി ബിഹാർ പൊലീസിന്റെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിൽ അക്കൗണ്ടിൽ 18 കോടി രൂപയുണ്ടെന്ന് കണ്ടെത്തിയിരുന്നു. റിയയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. റിയ ചക്രബർത്തിക്കെതിരെ കെ.കെ സിങ് പട്നയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാർ പൊലീസ് മുംബൈയിൽ അന്വേഷണം തുടരുകയാണ്.