ബെംഗളൂരു: രാജ്യത്തെ സാമ്പത്തിക സ്ഥിതിക്കെതിരെ കർണാടക കോൺഗ്രസ് പാർട്ടി നേതൃത്വം ഇന്ന് മുതല്‍ 14 വരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുന്നു. ഇന്ത്യ ഇപ്പോൾ ഐ.സി.യുവിലാണെന്നും മോദി സർക്കാർ രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് തള്ളി വിടുന്നതെന്നും കർണാടക കോൺഗ്രസ് പ്രസിഡന്‍റ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. വ്യക്തമായ ആലോചനകൾ നടത്താതെ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്‌ണർഷിപ്പ് (ആർ.സി.ഇ.പി) - വ്യാപാര കരാർ ഒപ്പിടുന്നതിനെതിരെ പാർട്ടി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി.
രാജ്യത്തെ തൊഴിലവസരങ്ങൾ കുറഞ്ഞ് 'കോമ' സ്ഥിതിയിലേക്ക് വരികയാണ്. വ്യവസായങ്ങൾ അടച്ചുപൂട്ടുന്നതിനാൽ ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നു. ആളുകൾക്ക് നിക്ഷേപത്തിനായുളള പണം ഇല്ലാത്തത് കൊണ്ട് തന്നെ ബാങ്കുകളുടെ സ്ഥിതിയും ക്ഷാമത്തിലാണ്. സമ്പദ്‌വ്യവസ്ഥയിൽ കേന്ദ്ര സർക്കാരിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങളെക്കുറിച്ച് കോൺഗ്രസ് പ്രതിഷേധം ആരംഭിക്കുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഇന്ന് മുണ്ട്ഗോഡിൽ മുതിർന്ന പാർട്ടി നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി നടക്കുമെന്ന് നേതൃത്വം അറിയിച്ചു. നാളെ ശിവമോഗയിലും നവംബർ 7 ന് ഹസനിലും നവംബർ 9 ന് എല്ലാ ജില്ലകളിലും ജില്ലാ അടിസ്ഥാനത്തിലും 11ന് ബെംഗളൂരുവിൽ വലിയ തോതിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ബോധവൽക്കരണ കാമ്പയിൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 12,13, 14 തീയതികളിൽ യഥാക്രമം ബിജാപൂർ, റൈച്ചൂർ, ചിത്രദുർഗ എന്നിവിടങ്ങളിലും പ്രതിഷേധമുണ്ടാകും.