ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതാബായ രാജപക്‌സെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടികാഴ്‌ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടികാഴ്‌ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി.
വിദേശകാര്യ മന്ത്രിയുമായുള്ള കൂടികാഴ്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഗോതാബായ രാജപക്‌സെ കൂടികാഴ്‌ച നടത്തും. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടികാഴ്‌ച നടക്കുക. ശേഷം ഇരുവരും സംയുക്‌ത വാര്‍ത്താസമ്മേളനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. മോദിയുമായുള്ള കൂടികാഴ്‌ചയ്‌ക്ക് ശേഷം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും ശ്രീലങ്കന്‍ പ്രസിഡന്‍റ് സന്ദര്‍ശിക്കും.
വ്യാഴാഴ്‌ചയാണ് ഗോതാബായ രാജപക്‌സെ ഇന്ത്യയിലെത്തിയത്. അധികാരത്തിലെത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ വിദേശയാത്രയാണിത്. തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ഗോതാബായ രാജപക്‌സയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.