ന്യൂഡല്‍ഹി: റഷ്യൻ കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക് വി ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയിലെത്തിക്കും. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അനുമതി നൽകിയതിനെ തുടർന്നാണ് വാക്‌സിൻ എത്തിക്കുന്നത്. സ്‌പുട്‌നിക് വലിയ രീതിയിൽ ഫലപ്രദമാണെന്ന് റഷ്യയിലെ നാഷണൽ റിസർച്ച് സെന്‍റർ ഫോർ എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടും നവംബർ 11ന് അറിയിച്ചു.
വാക്‌സിന്‍റെ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലുകൾക്ക് അംഗീകാരം ലഭിച്ചെങ്കിലും ബെലാറസ്, യുഎഇ, വെനിസ്വല തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിൽ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടക്കും. ആഗോളതലത്തിൽ നടത്തിയ 250ലധികം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ദീർഘകാല പാർശ്വഫലങ്ങളില്ലാതെയും സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനാണ് സ്‌പുട്‌നിക് വി എന്നാണ് കണ്ടെത്തൽ. റഷ്യയിൽ 40,000 പേരിലാണ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ആദ്യ കുത്തിവയ്പ്പിന് 21 ദിവസത്തിനുശേഷമാണ് വാക്‌സിൻ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പ്രവർത്തിക്കാൻ റഷ്യ താൽപര്യപ്പെടുന്നു. വാക്‌സിൻ ഉൽപാദനത്തിന്‍റെ അടുത്ത കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അവസരമാണിത്. റഷ്യൻ വികസന നിക്ഷേപ ഫണ്ടുമായി ഡോ. റെഡ്ഡീസ് ലാബിന്‍റെ പങ്കാളിത്തം ഇന്ത്യക്ക് മുതൽക്കൂട്ടാകുമെന്നും തെലങ്കാന സാമ്പത്തിക ശാസ്ത്രജ്ഞനായ അമീർ ഉല്ലാ ഖാൻ പറഞ്ഞു. ഓഗസ്റ്റ് 11നാണ് ഗമാലേയ സെന്‍റർ വികസിപ്പിച്ചെടുത്ത സ്‌പുട്‌നിക് വി വാക്‌സിൻ റഷ്യൻ ആരോഗ്യമന്ത്രാലയം രജിസ്റ്റർ ചെയ്‌തത്. ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌ത രാജ്യമാണ് റഷ്യ.