ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ 17ടണ്‍ മെഡിക്കല്‍ സാമഗ്രികളുമായി സ്പൈസ്ജെറ്റ് ചരക്ക് വിമാനം ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ടു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ നിന്നും ഫിലിപ്പീന്‍സിലെ സെബുവിലേക്കാണ് ചരക്കുവിമാനം പുറപ്പെട്ടത്. സ്‌പൈസ്‌ജെറ്റിന്‍റെ ബോയിങ് 737 വിമാനമാണ് ചരക്കുനീക്കം നടത്തുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ 950 വിമാനങ്ങളിലായി ഇതുവരെ 6750 ടണ്ണോളം വരുന്ന ചരക്കാണ് സ്‌പൈസ്‌ജെറ്റ് ഇതുവരെ എത്തിച്ചത്. 950 വിമാനങ്ങളില്‍ 350 എണ്ണം അന്താരാഷ്‌ട്ര ചരക്ക് വിമാനങ്ങളാണ്.
ബാഗ്‌ദാദ്, കംമ്പോഡിയ, അബുദാബി, കുവൈത്ത്, സിംഗപ്പൂര്‍, ഷാങ്‌ഹായി, കൊളംമ്പോ, ദുബായ്, കാബൂള്‍, ഷാര്‍ജ എന്നിവ സ്‌പൈസ്‌ജെറ്റ് ചരക്ക് സര്‍വ്വീസ് നടത്തിയ ചില രാജ്യങ്ങളാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വ്യോമഗതാഗതം അടക്കം നിര്‍ത്തിയിരുന്നു. ചരക്കു വിമാനങ്ങളും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ആളുകളെ തിരികെയെത്തിക്കാനുള്ള പ്രത്യേക വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിരുന്നു.