ന്യൂഡൽഹി: ചൈനയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ മെഡിക്കൽ സാധനങ്ങൾ ഡൽഹിയിലെത്തിച്ചു. ഏകദേശം 18 ടൺ അടിയന്തര ആരോഗ്യ സാധനങ്ങളുമായി ഷാങ്‌ഹായിൽ നിന്നും വെള്ളിയാഴ്‌ച രാത്രിയാണ് വിമാനം ഡൽഹിയിൽ എത്തിയത്. ഇതോടെ കാർഗോ ഓൺ സീറ്റ് വിമാനം ഓടിച്ച ആദ്യത്തെ ഇന്ത്യൻ വിമാനക്കമ്പനിയായി സ്‌പൈസ് ജെറ്റ് മാറി.
പാസഞ്ചർ ക്യാബിനിൽ ചരക്ക് കൊണ്ടുപോകുന്നതിന് സ്‌പൈസ് ജെറ്റ് എയർലൈൻ ഇപ്പോൾ ബി 737, ക്യു 400 പാസഞ്ചർ വിമാനങ്ങളെ നിയോഗിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷം 3,993 ടണ്ണിലധികം ചരക്കുകൾ എത്തിക്കുന്നതിനായി 522 ഓളം വിമാനങ്ങൾ സ്‌പൈസ് ജെറ്റ് സർവീസ് നടത്തി. എയർ ഇന്ത്യയ്‌ക്കൊപ്പം ഇൻഡിഗോ, ബ്ലൂ ഡാർട്ട് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ മെഡിക്കൽ കാർഗോ വിമാനങ്ങൾ സർവീസിന് അയച്ചു. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കൊവിഡ് ദുരിതാശ്വാസ സാമഗ്രികൾ എന്നിവ എത്തിക്കുന്നതിനായി ഇന്ത്യക്കും ചൈനക്കും ഇടയിൽ ഒരു കാർഗോ എയർ ബ്രിഡ്‌ജ് സ്ഥാപിച്ചുകഴിഞ്ഞു.