ദിസ്‌പൂർ: ആഫ്രിക്കൻ പന്നിപ്പനി മൂലം 2500 ഓളം പന്നികൾ ചത്ത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ. പ്രതിസന്ധിയെ നേരിടാൻ ദേശീയ പന്നി ഗവേഷണ കേന്ദ്രവുമായി (എൻപിആർസി) സഹകരിച്ച് പ്രവർത്തിക്കണമെന്ന് വെറ്ററിനറി, വനം വകുപ്പ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം നിയന്ത്രണ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പ്രതിസന്ധിയിൽ നിന്ന് പന്നി ഫാം ഉടമകളെ സംരക്ഷിക്കുന്നതിന് പുതിയ പാക്കേജുകൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ഏപ്രിലിൽ അരുണാചൽ പ്രദേശ്- ചൈന അതിർത്തിയിലെ സിസാങ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഈ വർഷം ഫെബ്രുവരി അവസാനത്തോടെയാണ് അസമിൽ രോഗം കണ്ടെത്തിയത്. പന്നികളെ കൊല്ലാതെ രോഗം നിയന്ത്രിക്കാനുള്ള നടപടികളാണ് അസം സർക്കാർ സ്വീകരിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു. നിലവിൽ 30 ലക്ഷം പന്നികളാണ് അസമിലുള്ളത്.