ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സോണിയ ഗാന്ധി. അധികാരവും അഹന്തയും കാരണം നിലവില്‍ സര്‍ക്കാര്‍ പാതയില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും അവര്‍ പറയുന്നതും ചെയ്യുന്നതും ശരിയല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി. ജനങ്ങള്‍ കോണ്‍ഗ്രസ് മഹാഗത്ബന്ധന്‍ സഖ്യത്തിനോടൊപ്പമായിരിക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. ഭരണത്തില്‍ തൊഴിലാളികള്‍ നിസഹായരാണെന്നും കര്‍ഷകര്‍ ആശങ്കാകുലരാണെന്നും യുവാക്കള്‍ നിരാശരാണെന്നും സോണിയ ഗാന്ധി പറഞ്ഞു. മണ്ണിന്‍റെ മക്കള്‍ ഇന്ന് വലിയ ദുരിതത്തില്‍ പെട്ടിരിക്കുകയാണ്. ദലിതരും പിന്നോക്കവിഭാഗങ്ങളും ദുരിതത്തിന് ഇരകളാണെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. ബിഹാറിലെയും ഡല്‍ഹിയിലെയും സര്‍ക്കാരുകള്‍ അടിമകളാണെന്നും ഇതിനെതിരെ പുതിയ ബിഹാറിനെ സൃഷ്‌ടിക്കാനായി ജനങ്ങള്‍ തയ്യാറാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
നൈപുണ്യം, കരുത്ത്, നിര്‍മാണ ശേഷി എന്നിവയില്‍ ബിഹാര്‍ മുന്‍പന്തിയിലാണെന്നും എന്നാല്‍ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ, കുടിയേറ്റം, പണപ്പെരുപ്പം, പട്ടിണി എന്നിവ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തിയെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നിവയുടെ ഉന്നമനത്തിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും വേണ്ടിയാണ് ജനങ്ങളുടെ വോട്ടെന്നും പുതിയ ബിഹാറിനായി ജനങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിനായി വോട്ട് ചെയ്യണമെന്നും സോണിയ ഗാന്ധി അഭ്യര്‍ഥിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലായാണ് നടക്കുന്നത്.