ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങളെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പുതിയ കാര്‍ഷിക നിയമങ്ങളെ കറുത്ത നിയമങ്ങളെന്ന് വിശേഷിപ്പിച്ച സോണിയാ ഗാന്ധി നിയമങ്ങള്‍ക്കെതിരെ കൈകോര്‍ക്കേണ്ടത് കടമയായി കാണണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ കോടിക്കണക്കിന് വരുന്ന കര്‍ഷക തൊഴിലാളികളുടെ ഉപജീവനത്തെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു. 21 ദിവസം കൊണ്ട് രാജ്യം കൊവിഡിനെ മറികടക്കുമെന്ന് വാഗ്‌ദാനം നല്‍കി മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. വ്യക്തമായ പദ്ധതിയോ തീരുമാനങ്ങളോ ഇല്ലാതെയാണ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധം നടത്തുന്നതെന്നും സോണിയാ ഗാന്ധി പറഞ്ഞു. ജിഡിപി നിരക്കില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഇടിവാണ് സംഭവിച്ചത്. രാജ്യത്ത് 14 കോടിയോളം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രതിസന്ധിയെ തുടര്‍ന്ന് ചെറുകിട-ഇടത്തരം വ്യവസായികളും ചെറുകിട സംരംഭകരും മേഖല വിടുമ്പോള്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര വിഹിതവും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഭരണഘടനാപരമായ ബാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും സോണിയാ ഗാന്ധി ചോദിച്ചു. ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരുകയാണെന്നും രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിലുപരി ക്രിമിനലുകള്‍ക്കൊപ്പം നില്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതാണോ പുതിയ രാജ ധര്‍മമെന്നും സോണിയാ ഗാന്ധി ചോദിച്ചു.