ന്യൂഡല്‍ഹി: സ്വര്‍ണ്ണ കടത്ത് കേസ് കേസ് ഗൗരവകരമായി കാണുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വി മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് മാറിനില്‍കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടാൻ പോകുന്നില്ലെന്നും വി. മുരളീധരൻ ഡല്‍ഹിയില്‍ പറഞ്ഞു.
യു.എ.ഇ. കോണ്‍സുലേറ്റിന്‍റെ പേരില്‍ വന്ന കള്ളക്കടത്ത് സ്വര്‍ണത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നേരത്തെ ചോദിച്ചിരുന്നു. ഐ.ടി. വകുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. അത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു കരാര്‍ ജീവനക്കാരി എങ്ങനെ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുപരിപാടികളുടെ മുഖ്യസംഘാടകയും നടത്തിപ്പുകാരിയുമായി മാറിയതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടേത് രക്ഷപ്പെടാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന് പ്രതികളുമായുള്ള ബന്ധം പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയനായ ഐ.ടി സെക്രട്ടറി അവധിയിൽ പോകുക മാത്രമാണ് നിലവില്‍ ചെയ്തിരിക്കുന്നത്. അത് ഒരിക്കലും ഒരു അച്ചടക്ക നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് അന്വേഷിക്കുക എന്നുള്ളതാണ് പ്രധാനം.
കേസുമായി നേരിട്ട് ബന്ധമുള്ളവരെ മാത്രമല്ല പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടു വരും. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളക്കടത്തിന് അപ്പുറത്തുള്ള നിരവധി വിഷയങ്ങളിൽ ആവശ്യമായിട്ടുള്ള നടപടികൾ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ സി.ബി.ഐ അന്വേഷണം നടത്തുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു.