ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്‍റെ പ്രയോജനത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ജമ്മുകശ്‌മീർ സന്ദർശിച്ചു. റിയാസിയിലെ മൂറി ഗ്രാമത്തിൽ നടപ്പാലം ഉദ്ഘാടനം ചെയ്‌ത മന്ത്രി ജലസംഭരണിയുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്‌തു. നിരവധി വികസന പദ്ധതികൾക്കായി അപേക്ഷകൾ ലഭിച്ചുവെന്നും തുടർ നടപടികൾക്കുള്ള ഉത്തരവ് ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ജമ്മുകശ്‌മീരിന് വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുമെന്ന് പറഞ്ഞ സ്‌മൃതി, വികസനം സ്‌കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും കൂട്ടിച്ചേർത്തു.
കേന്ദ്രഭരണ പ്രദേശത്തുടനീളം ശനിയാഴ്‌ച പ്രീപെയ്‌ഡ് മൊബൈൽ സേവനങ്ങൾ ജമ്മു കശ്‌മീർ സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ചില പ്രദേശങ്ങളിൽ ഇപ്പോഴും സേവനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.