ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഐഎംഐഎം, ടിആർഎസ് എന്നീ പാര്‍ട്ടികള്‍ അനധികൃത കുടിയേറ്റക്കാർക്ക് വോട്ടർ പട്ടികയിൽ ഇടം നൽകുന്നുവെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അതിർത്തികൾ സൂക്ഷിക്കാൻ സൈനികർ നിരന്തരം പോരാടുകയാണ്. എന്നാൽ തെലങ്കാനയിൽ അനധികൃത കുടിയേറ്റക്കാർക്ക് വോട്ടർ പട്ടികയിൽ ഇടം നൽകാനായി എഐഎംഐഎമ്മും ടിആർഎസും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അവർ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും സ്‌മൃതി ഇറാനി ആരോപിച്ചു.
ഇന്ത്യയിലെ ഓരോ പൗരന്‍റെയും അവകാശങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. നികുതിദായകരുടെ പണം അർഹരായ ഇന്ത്യക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട്. ഒരു സംസ്ഥാന സർക്കാർ സ്‌ത്രീകൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുത്താൽ അതിനെ ഇന്ത്യക്കാർ പിന്തുണയ്ക്കേണ്ടതല്ലേയെന്നും ലൗജിഹാദിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി സ്‌മൃതി ഇറാനി പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് നടക്കും. ഡിസംബർ നാലിനാണ് ഫല പ്രഖ്യാപനം.