ലക്നൗ: പ്രധാനമന്ത്രി പദത്തിൽ രണ്ടാം ഊഴത്തിന് നരേന്ദ്രമോദി എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതിഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രാര്‍ഥനയും വഴിപാടുകളും നടന്നു. കാണ്‍പൂരിലെ ബിജെപി പ്രവര്‍ത്തകര്‍ രാധാ മാധവ് ക്ഷേത്രത്തില്‍ പ്രത്യേക വഴിപാടുകളും പ്രാര്‍ഥനയും നിയുക്ത പ്രധാനമന്ത്രിക്കായി നടത്തി. നൂറിലധികം പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
അലിഖട്ടില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ നേതൃത്വത്തില്‍ 31 കര്‍മികളുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കായി യാഗം നടത്തി. സിലിഗുരിയിലെ ചായ വില്‍പ്പനക്കാരന്‍ സൗജന്യമായി ചായ വിതരണം ചെയ്തുകൊണ്ടാണ് നരേന്ദ്രമോദിയുടെ രണ്ടാം വരവിന്‍റെ സന്തോഷം പ്രകടിപ്പിച്ചത്. കഴിഞ്ഞ വർഷത്തേതിലും വിപുലമായാണ് ഇത്തവണത്തെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് രണ്ടാം എൻ ഡി എ സർക്കാരിന്‍റെ സത്യപ്രതിജ്ഞ.