ഇൻഡോർ: മധ്യപ്രദേശിലെ കട്നി ജില്ലയിൽ ഓട്ടോറിക്ഷ ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കട്നിയിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ദിമാർഖേദയ്ക്കടുത്ത് ബുധനാഴ്ചയാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഓട്ടോറിക്ഷയിൽ 12 ഓളം പേരുണ്ടായിരുന്നെന്നും ഇവർ പ്രതിവാര മാർക്കറ്റിലേക്ക് പോവുകയായിരുന്നെന്നും പൊലീസ് ഫോറൻസിക് ഓഫീസർ അവ്നിഷ് സിസോഡിയ പറഞ്ഞു.
മരിച്ചവരിൽ രണ്ട് സ്ത്രീകളും 17 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. ഓട്ടോറിക്ഷ ഡ്രൈവറും അപകടത്തിൽ മരിച്ചു. പരിക്കേറ്റവരെ ആദ്യം ഉമരിയാപൻ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. പിന്നീട് കട്നിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. ഇവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്ന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും ചൗഹാൻ പറഞ്ഞു.