ഉത്തർപ്രദേശ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാൺപൂർ, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, ഗോരാഖ്‌പൂർ എന്നിവിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പലയിടത്തും വാഹനങ്ങൾക്ക് തീയിട്ടു.
മീററ്റ്- ഹാപൂർ റോഡിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തു. ഈ സംഘർഷത്തിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെയ്പ്പിലാണോ പ്രതിഷേധക്കാർ നടത്തിയ വെടിവെയ്പ്പിലാണോ ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുലന്ദ്ഷഹറില്‍ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ലക്നൗവില്‍ മാത്രം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാജ്‌വാദി പാർട്ടി എം.പി ഉൾപ്പെടെയുള്ളവർക്ക് എതിരെ പൊലീസ് കേസെടുത്തു. 10 നഗരങ്ങളില്‍ ഇന്‍റർനെറ്റ് നിയന്ത്രണം തുടരുന്നു.