ഡെറാഡൂൺ: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി നിയന്ത്രണത്തിലാണെന്നും തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ടെന്നും കരസേന മേധാവി എം. എം. നരവാനെ. അതിർത്തിയിലെ സാഹചര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് ഉറപ്പുനൽകുന്നു. കോർപ്സ് കമാൻഡർ ലെവൽ ചർച്ചകൾ ആരംഭിക്കുകയും പ്രാദേശിക തലത്തിൽ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തതായും നരവാനെ പറഞ്ഞു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് അവലോകനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ വെള്ളിയാഴ്ച പൊതുതല ചർച്ചകൾ നടന്നു. ഇന്ത്യയും ചൈനയും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. സൈനിക കമാൻഡർ തലത്തിലുള്ള ചർച്ചകൾ ജൂൺ ആറിന് 14 കോർപ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിങ്ങും ചൈനീസ് മേജർ ജനറൽ ലിയു ലിനും തമ്മിൽ ചുഷുലിൽ വെച്ച് നടന്നു. ആദ്യ ഘട്ട ചർച്ചകൾക്ക് ശേഷം ചൈനീസ്, ഇന്ത്യൻ സൈന്യങ്ങൾ ഗാൽവാൻ നള, പിപി -15, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ നിന്ന് 2.5 കിലോമീറ്റർ പിന്നോട്ട് മാറി. നേപ്പാളുമായി ഇന്ത്യക്ക് വളരെ ശക്തമായ ബന്ധമുണ്ടെന്നും നർവാനെ പറഞ്ഞു, ഇരുരാജ്യങ്ങൾക്കും തമ്മിൽ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ചരിത്രപരവും മതപരവുമായ ബന്ധങ്ങളുണ്ട്. അത് ശക്തമായി തുടരുമെന്നും നരവാനെ കൂട്ടിചേർത്തു.