ന്യൂഡൽഹി: ജൂലൈ 31നകം ഡൽഹിയിൽ കൊവിഡ് കേസുകൾ 5.5 ലക്ഷത്തിലെത്തുമെന്ന് പറഞ്ഞ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിലൂടെ സ്ഥിതി നിയന്ത്രണവിധേയമാക്കിയെന്ന് സിറ്റി ബിജെപി യൂണിറ്റ് പറഞ്ഞു. ജൂലൈ അവസാനത്തോടെ ഡൽഹിയിൽ 5.5 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രോഗികളെ പാർപ്പിക്കാൻ 80,000 കിടക്കകൾ ആവശ്യമാണെന്നും ജൂണിൽ ആം ആദ്മി പാർട്ടി നേതാവ് പറഞ്ഞിരുന്നു.
ജൂലൈ 31 നകം 5.5 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകുമെന്ന് അവകാശപ്പെട്ട് സിസോദിയ ആളുകളെ ഭയപ്പെടുത്താൻ ശ്രമിച്ചത് എന്തിനാണെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാർ പറയണമെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് ആദേഷ് ഗുപ്ത പറഞ്ഞു. എന്നാൽ വിഷയത്തിൽ സിസോദിയയിൽ നിന്നോ ആം ആദ്മി പാർട്ടിയിൽ നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്ത് സജീവ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച 10,743 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 10,770, ചൊവ്വാഴ്ച 10,887, തിങ്കളാഴ്ച 10,994, ഞായറാഴ്ച 11,904 കേസുകൾ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം. ജൂലൈ ഒന്നിന് സജീവ കേസുകളുടെ എണ്ണം 27,007 ആയിരുന്നുവെന്ന് ആരോഗ്യവകുപ്പിന്‍റെ ബുള്ളറ്റിൻ പറയുന്നു.
ഡൽഹി സർക്കാരിന്‍റെയും കേന്ദ്രത്തിന്‍റെയും നഗരത്തിലെ രണ്ട് കോടി ജനങ്ങളുടെയും സംയുക്ത പരിശ്രമത്തിലൂടെയാണ് കൊവിഡ് നിയന്ത്രണവിധേയമാക്കിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വ്യാഴാഴ്ച ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,34,403 ആണ്. ഇതിൽ 10,743 സജീവ കേസുകളും 3,396 മരണങ്ങളും 1,19,724 കൊവിഡ് മുക്തരായ ആളുകളും ഉൾപ്പെടുന്നു.