ഫിലാഡല്‍ഫിയ: യുഎസ് സെനറ്റ് ചേംബറില്‍ പ്രഭാത പ്രാര്‍ത്ഥന നടത്തിയ ആദ്യ സിഖ് ഗുരുവായി ചരിത്രം സൃഷ്ടിച്ച് ഗ്യാനി സുക്‌വീന്തര്‍ സിങ്. ആളുകളെ ഏകത്വത്താൽ അനുഗ്രഹിക്കുന്നതിനായി അദ്ദേഹം പ്രാര്‍ത്ഥന നടത്തി. ഗ്യാനി സുക്‌വീന്തര്‍ സിങ് സെനറ്റില്‍ പങ്കെടുത്തതും അദ്ദേഹം നടത്തിയ പ്രാര്‍ത്ഥനയും വലിയ അംഗീകാരമായി കാണുന്നുവെന്നും, യുഎസ് സെനറ്റ് ചേംബറില്‍ പ്രഭാത പ്രാര്‍ത്ഥന നടത്തിയ ആദ്യ സിഖ് ഗുരുവായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചുവെന്നും യുഎസ് സെനറ്റര്‍ പാറ്റ് ടൂമി ട്വീറ്റ് ചെയ്തു.
ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാര്‍ഷികത്തിന്‍റെ ഭാഗമായാണ് ഗ്യാനി സുക്‌വീന്തര്‍ സിങ് സെനറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. 'വഹേഗുരു ജി കാ ഖൽസ വഹേഗുരു ജി കി ഫത്തേ' എന്ന പ്രസിദ്ധമായ പുണ്യവാക്യത്തോടെയാണ് അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചത്. 1789 ഏപ്രിലില്‍ ന്യൂയോർക്ക് സിറ്റിയില്‍ ചേര്‍ന്ന സെനറ്റിലാണ് ആദ്യമായി പ്രഭാത പ്രാര്‍ത്ഥന നടന്നത്. അതിനുശേഷം ദലൈലാമ ഉൾപ്പെടെ നിരവധി ആത്മീയ നേതാക്കള്‍ സെനറ്റിൽ പ്രാർത്ഥന നടത്തി.