ഭോപ്പാല്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 71. 1 ശതമാനമാണ്. ഇത് ഒരു ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം ഭേദമാകുന്ന നിരക്കില്‍ രാജസ്ഥാന് പിന്നാലെ രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യത്തിന്‍റെ എട്ടാം സ്ഥാനത്തുമാണ് മധ്യപ്രദേശ്.
സംസ്ഥാനത്ത് ഞായറാഴ്‌ച 151 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ 300 പേര്‍ രോഗമുക്തരായി. നിലവില്‍ 2,666 പേരാണ് സംസ്ഥാത്ത് ചികിത്സയിലുള്ളത്. കൊവിഡ് മരണനിരക്കിലും കുറവുള്ളതായി മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. 459 കൊവിഡ് മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 10,802 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗവ്യാപനം പൂര്‍ണമായും തടയുന്നതിന് പൊതുജനവും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൈകള്‍ സോപ്പുപയോഗിച്ച് ഇടക്കിടക്ക് വൃത്തിയാക്കുക, മാസ്‌ക് ഉപയോഗിക്കുക, സാനിന്‍റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.