ന്യൂഡല്‍ഹി: കശ്‌മീരിലെ സ്ഥിതി ശാന്തമാണെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. ജമ്മു കശ്‌മീരില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കും, ജനങ്ങളുടെ സ്വതന്ത്രജീവിതത്തിനും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ വ്യക്‌തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രതിനിധിയായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ മറുപടി.
ജസ്‌റ്റിസ് എന്‍.വി രമണ. ആര്‍ സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവി എന്നിവടങ്ങുന്ന ബഞ്ചാണ് ആവശ്യം ഉന്നയിച്ചത്. മേഖലയിലെ നിയന്ത്രണങ്ങള്‍ എത്ര നാള്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചോദിച്ച കോടതി ഇതുമായി ബന്ധപ്പെട്ട വ്യക്‌തമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ജമ്മു കശ്‌മീരിലെ 99 ശതമാനം മേഖലളില്‍ നിന്നും നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിട്ടുണ്ടെന്ന് സോളിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത് മേഖലയിലെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നും ഇത് സംബന്ധിച്ച് ആരും പരാതി നല്‍കിയിട്ടില്ലെന്നും സോളിറ്റര്‍ ജനറല്‍ കോടതിയെ ധരിപ്പിച്ചു.