ശ്രീനഗർ: ഷോപിയാനിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ മൃതദേഹങ്ങൾ കുടുംബത്തിന് കൈമാറുമെന്ന് കശ്മീർ സോണൽ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ. ഇവരുടെ ഡിഎന്‍എ സാമ്പിളുകള്‍ രാജൗരിയില്‍ നിന്നുള്ള കുടുംബങ്ങളുമായി സാമ്യമുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ദിൽബാഗ് സിങ്ങ് പറഞ്ഞിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നിയമപ്രകാരമുള്ള നടപടികൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, ഷോപിയൻ വ്യാജ ഏറ്റുമുട്ടൽ അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരെ കശ്മീരിലെ പ്രാദേശിക കോടതി എട്ട് ദിവസത്തെ ജുഡീഷ്യൽ റിമാൻഡിലേക്ക് അയച്ചു. ജൂലൈ 18ന് ഷോപിയാൻ ജില്ലയിലെ അംഷിപോര ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്രാർ അഹമ്മദ് ( 25), ഇംതിയാസ് അഹമ്മദ് (20), മുഹമ്മദ് ഇബ്രാർ (16) എന്നിവർ കൊല്ലപ്പെട്ടത്.