ചരിത്ര പ്രസിദ്ധ നഗരമായ അല്‍മോറ, രാജ്യത്തിന് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളെ സമ്മാനിച്ചിട്ടുണ്ട്. ഭാരത രത്‌നം ഗോവിന്ദ് വല്ലഭ് പന്ദ്, നര്‍ത്തക രത്‌നം ഉദയ്‌ശങ്കര്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഷീല ഐറിന്‍ പന്ദിന്‍റെ പേരും അതില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. 1947 മുതല്‍ 1951 വരെ പാകിസ്ഥാന്‍റെ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്‍റെ ഭാര്യ എന്ന നിലയില്‍ പാകിസ്ഥാന്‍റെ പ്രഥമ വനിതയായി മാറിയ വ്യക്തിയാണ് ഷീല. ബേഗം റാണ ലിയാഖത്ത് അലിഖാന്‍ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഐറിന് 'നിഷാനെ ഇംതിയാസ്” “ മദറെ വദന്‍'' എന്നിങ്ങനെയുള്ള പാകിസ്ഥാനിലെ പരമോന്നത സിവിലിയന്‍ ബഹുമതികളും നല്‍കി ആദരിച്ചിരുന്നു.
1905 ഫെബ്രുവരി 13നാണ് ഒരു കുമവോണി ക്രിസ്ത്യന്‍ കുടുംബത്തില്‍ ഡാനിയല്‍ പന്ദിന്‍റെ മകളായി ഷീല അല്‍മോറയില്‍ ജനിക്കുന്നത്. അവരുടെ മുത്തച്ഛന്‍ 1887ല്‍ ക്രിസ്‌തു മതം സ്വീകരിക്കുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം അല്‍മോറയിലും നൈനിത്താളിലുമായി പൂര്‍ത്തിയാക്കിയ ഷീല ലാല്‍ബാഗ് സ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തുന്നതിനായി പിന്നീട് ലക്‌നൗവിലേക്ക് പോയി. ഇസബെല്ല തോബേണ്‍ കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തിലും മത പഠനത്തിലും ബിരുദാനന്തര ബിരുദം നേടുകയും ചെയ്‌തു.
അവരുടെ തറവാട് വീട് ഇന്നും അല്‍മോറയിലെ മെത്തേഡിസ്റ്റ് സഭ സംരക്ഷിച്ച് വരുന്നുണ്ട്. അവരുടെ സഹോദരന്‍ നോര്‍മന്‍ പന്ദിന്‍റെ മകന്‍റെ ഭാര്യയായ മീരാ പന്ദും അവരുടെ പേര മകന്‍ രാഹുല്‍ പന്ദുമാണ് ഇപ്പോള്‍ ആ വീട്ടില്‍ താമസിച്ചു വരുന്നത്. തന്‍റെ വിവാഹത്തിനു ശേഷം ഒരിക്കലും ഷീല അല്‍മോറ സന്ദര്‍ശിച്ചിട്ടില്ലെങ്കിലും സഹോദരന്‍ നോര്‍മന് അവര്‍ നിരന്തരം കത്തുകള്‍ എഴുതാറുണ്ടായിരുന്നു എന്നാണ് ഓര്‍മകള്‍ അയവിറക്കി കൊണ്ട് നോര്‍മന്‍ പന്ദിന്‍റെ മകൻ രാഹുല്‍ പറഞ്ഞത്.
ബിഹാറിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ബാധിക്കപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ ഒരു ആതുര സേവന പരിപാടിയിൽ വെച്ചായിരുന്നു ലിയാഖത്ത് അലി ഖാനും ഐറിനും ആദ്യ കണ്ടുമുട്ടിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഐറിന്‍ കോളജില്‍ പഠിച്ചു കൊണ്ടിരുന്ന കാലമായിരുന്നു. ആതുര സേവന പരിപാടിയുടെ ടിക്കറ്റ് വില്‍പനയുടെ ഉത്തരവാദിത്തം ഐറിനാണ് ഉണ്ടായിരുന്നത്. ലക്‌നൗ അസംബ്ലിയിലേക്ക് ടിക്കറ്റ് വില്‍പനക്ക് പോയപ്പോഴാണ് ഐറിന്‍ ആദ്യമായി ലിയാഖത്തിനെ കാണുന്നത്.
തുടക്കത്തില്‍ ടിക്കറ്റ് വാങ്ങുവാന്‍ ലിയാഖത്ത് വിമുഖത കാണിച്ചെങ്കിലും നിർബന്ധം സഹിക്ക വയ്യാതെ അദ്ദേഹം ഒടുവിൽ സമ്മതിക്കുകയായിരുന്നു. ഐറിന്‍ അദ്ദേഹത്തോട് രണ്ടു ടിക്കറ്റുകള്‍ വാങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തന്‍റെ കൂടെ പരിപാടി കാണുവാനായി വേറെ ആരുമില്ല എന്നായി ലിയാഖത്ത്. അപ്പോള്‍ താന്‍ കൂടെ വരാമെന്നായി ഐറിൻ.
ഏതാണ്ട് ഒന്നര വര്‍ഷത്തോളം കാലം ഐറിന്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ കോളജില്‍ പ്രൊഫസറായി ജോലി ചെയ്‌തിരുന്നു. ലിയാഖത്തിനെ ഉത്തർപ്രദേശ് നിയമസഭയുടെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു എന്ന വിവരം അറിഞ്ഞപ്പോള്‍ ഐറിന്‍ അദ്ദേഹത്തിന് ഒരു അഭിനന്ദന കത്ത് എഴുതുകയും ലിയാഖത്ത് അതിനെഴുതിയ മറുപടിയില്‍ കൊണാട് പ്ലേസിലെ വെങ്ങേഴ്‌സ് റസ്‌റ്റോറന്‍റില്‍ ചായ കുടിക്കുവാനായി ഐറിനെ ക്ഷണിക്കുകയും ചെയ്‌തു. ഏതാനും കണ്ടുമുട്ടലുകൾക്ക് ശേഷം ഇരുവരും തമ്മിൽ സ്നേഹത്തിലാകുകയും ഒടുവിൽ വിവാഹത്തിലെത്തുകയും ചെയ്‌തു. ലിയാഖത്ത് പിന്നീട് പാകിസ്ഥാന്‍റെ പ്രഥമ പ്രധാനമന്ത്രിയായി മാറി.
ലിയാഖത്തിന് തന്‍റെ ആദ്യ ഭാര്യയും കസിനുമായ ജഹാന്‍ ആര ബീഗത്തില്‍ ഒരു മകനുണ്ട്. അതിനു ശേഷമാണ് അദ്ദേഹം 1933 ഏപ്രില്‍ 16ന് ഐറിനെ വിവാഹം ചെയ്യുന്നത്. ഇന്ന് ഒബറോയ് മെന്‍ഡസ് എന്ന പേരില്‍ അറിയപ്പെടുന്ന അക്കാലത്തെ ഡല്‍ഹിയിലെ ഏറ്റവും വിലപിടിപ്പുള്ള വേദിയായ മെന്‍ഡസ് ഹോട്ടലില്‍ വെച്ചായിരുന്നു അവരുടെ വിവാഹം. 1994ല്‍ മെന്‍ഡസ് ഹോട്ടലിന് ഹെറിട്ടേജ് പദവി നല്‍കുകയുണ്ടായി. ഐറിന്‍ വിവാഹ ശേഷം ഇസ്ലാമിലേക്ക് മതം മാറുകയും തന്‍റെ പേര് ഗുലെ റാണ എന്നാക്കി മാറ്റുകയും ചെയ്‌ഥു. ലിയാഖത്ത് അലി ഖാന്‍റെ ഭാര്യ എന്ന നിലയില്‍ ചരിത്രത്തിനു സാക്ഷിയാകുക മാത്രമല്ല അതിന്‍റെ ഭാഗമാകുകയുമായിരുന്നു ഐറിന്‍.
1947 ഓഗസ്റ്റില്‍ ഗുലെ റാണ തന്‍റെ ഭര്‍ത്താവിനോടും രണ്ട് ആണ്‍ മക്കളായ അഷ്റഫ്, അക്ബര്‍ എന്നിവരോടുമൊപ്പം ഡല്‍ഹിയില്‍ നിന്നും ഒരു വിമാനത്തില്‍ കറാച്ചിയിലേക്ക് പോയി. ലിയാഖത്ത് പാകിസ്ഥാന്‍റെ പ്രഥമ പ്രധാനമന്ത്രിയായി മാറിയതിനാലായിരുന്നു ആ യാത്ര. അതോടെ ഐറിന്‍ പ്രഥമ വനിതയുമായി. ഐറിനെ ന്യൂനപക്ഷ, വനിതാ മന്ത്രി എന്ന നിലയില്‍ ലിയാഖത്ത് തന്‍റെ മന്ത്രി സഭയില്‍ ഉള്‍പ്പെടുത്തി. പിന്നീട് 1951 ഒക്‌ടോബര്‍ 16ന് റാവല്‍ പിണ്ടിയിലെ കമ്പനി ബാഗില്‍ ഒരു പൊതു സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ലിയാഖത്ത് കൊല്ലപ്പെട്ടു.
തുടര്‍ന്ന് പാകിസ്ഥാനില്‍ തന്നെ ജീവിക്കാന്‍ തീരുമാനിച്ച ഐറിന്‍ തന്‍റെ അവസാന ശ്വാസം വരെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി. യാഥാസ്ഥിതിക ശക്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഐറിന്‍ ജനറല്‍ മുഹമ്മദ് സിയാവുല്‍ ഹഖ് എന്ന ഏകാധിപതി കൊണ്ടു വന്ന ഇസ്ലാമിക നിയമത്തെ അതി ശക്തമായി എതിര്‍ത്തു. സുല്‍ഫിക്കര്‍ അലി ബൂട്ടോയെ തൂക്കി കൊന്നതിനു ശേഷം സൈനിക ഭരണകൂടത്തിനെതിരെ ശക്തമായ പ്രചാരണമാണ് അവര്‍ അഴിച്ചു വിട്ടത്. 1954ല്‍ ഹോളണ്ടിലെ പാക്കിസ്ഥാന്‍ അംബാസിഡറായി നിയമിക്കപ്പെട്ട അവര്‍ പിന്നീട് ഇറ്റലിയിലും ഈ പദവി വഹിച്ചു. 1990 ജൂണ്‍ 3ന് അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു. 85 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 43 വര്‍ഷം അവര്‍ ഇന്ത്യയില്‍ ചെലവഴിച്ചപ്പോള്‍ ഏതാണ്ട് അത്രത്തോളം കാലം തന്നെ പാക്കിസ്ഥാനിലും ജീവിച്ചു. 1947നു ശേഷം മൂന്ന് തവണ റാണ ഇന്ത്യ സന്ദര്‍ശിച്ചു എങ്കിലും ഒരിക്കലും അവര്‍ അല്‍മോറയിലേക്ക് പോയില്ല.
ജീവിതത്തിലെ നേട്ടങ്ങള്‍
പാകിസ്ഥാനില്‍ ഐറിന് മദറെ വദന്‍ എന്ന ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. സുല്‍ഫിക്കര്‍ അലി ഭൂട്ടോ അവരെ ക്യാബിനറ്റ് മന്ത്രിയായി നിയമിച്ചു. സിന്ത് ഗവര്‍ണറായും അവര്‍ നിയമിതയായി. കറാച്ചി സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറാണവര്‍. ഹോളണ്ട്, ഇറ്റലി, ടുണീഷ്യ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ അംബാസിഡറായും അവര്‍ സേവനമനുഷ്ഠിച്ചു.
- ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ അവാര്‍ഡ്
- സാമ്പത്തിക ശാസ്ത്രത്തില്‍ ഓണററി ഡോക്ടറേറ്റ്
- ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്‍റെ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റ്
- ലോക വനിത, ടെര്‍ക്കിഷ് വുമന്‍സ് അസോസിയേഷന്‍
- ഗ്രാന്‍ഡ് ക്രോസ് ഓഫ് ഓറഞ്ച് നസാവു
- നിഷാനെ ഇംതിയാസ്
- പാകിസ്ഥാന്‍റെ മാതാവ്
- ജാനെ അദ്ദാംസ് മെഡല്‍
- വുമന്‍ ഓഫ് അച്ചീവ്‌മെന്‍റ് മെഡൽ