മുംബൈ: കനത്ത മഴയിലും പ്രചാരണ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് എൻ.സി.പി മേധാവി ശരദ് പവാർ. മഴയിലുടനീളം തന്‍റെ പ്രസംഗം തുടർന്നാണ് 78കാരനായ പവാർ പ്രചാരണ റാലിയെ വരവേറ്റത്. ഒക്ടോബർ 21ലെ തെരഞ്ഞെടുപ്പിന് മഴയുടെ ദേവൻ എൻ.സി.പിയെ അനുഗ്രഹിച്ചിരിക്കുന്നുവെന്നും മഴ ദേവന്‍റെ അനുഗ്രഹത്താൽ സതാര ജില്ലയിൽ ഒക്ടോബർ 21 മുതൽ അത്ഭുതമാണ് സംഭവിക്കാനിരിക്കുന്നതെന്നും ശരദ് പവാർ പറഞ്ഞു.
ഒക്ടോബർ 21ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു തെറ്റ് പറ്റിപ്പോയെന്നും അത് ശരിയാക്കാൻ ജനങ്ങൾ കാത്തിരിക്കുകയായിരുന്നുവെന്നും ശരദ് പവാർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവാജി മഹാരാജിന്‍റെ പിൻഗാമിയായ ഉദയൻരാജെ ഭോസാലെ ആയിരുന്നു എൻ.സി.പി സ്ഥാനാർഥി. സതാര ലോക്‌സഭയിൽ നിന്ന് സീറ്റ് നേടിയ ഭോസാലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ ചേന്നിരുന്നു.