ന്യൂഡല്‍ഹി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടന്ന ഷഹീൻബാഗില്‍ വെടിയുതിർത്തതിന് അറസ്റ്റിലായ യുവാവ് ആം ആദ്മി പാർട്ടി അംഗമെന്ന് ഡല്‍ഹി പൊലീസ്. കപില്‍ ഗുജ്ജർ എന്ന ഇരുപത്തിയഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധക്കാർക്ക് സമീപം ആകാശത്തേക്ക് വെടിയുതിർത്തത്. 2019 ജനുവരിയില്‍ താനും അച്ഛനും ആം ആദ്മി പാർട്ടിയില്‍ ചേർന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കപിലും അച്ഛനും ആംആദ്മി പാർട്ടിയില്‍ ചേർന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോ കപിലിന്‍റെ ഫോണില്‍ നിന്ന് ലഭിച്ചുവെന്ന് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണർ രാജേഷ് ദിയോ പറഞ്ഞു. കപിലിന്‍റെ ഫോണില്‍ നിന്ന് ആംആദ്മി പാർട്ടിയില്‍ അംഗത്വം എടുക്കുന്നതിന്‍റെ വാട്സ്‌ആപ്പ് ദൃശ്യങ്ങൾ ലഭിച്ചുവെന്നും രാജേഷ് ദിയോ വ്യക്തമാക്കി. എന്നാല്‍ കപിലിന്‍റെ കുടുംബം പൊലീസിന്‍റെ വാദങ്ങൾ തള്ളി. എവിടെ നിന്നാണ് പൊലീസിന് ഇത്തരം ചിത്രങ്ങൾ ലഭിച്ചതെന്ന് അറിയില്ലെന്ന് കപിലിന്‍റെ അമ്മാവൻ ഫതേഷ് സിങ് പറഞ്ഞു. കപിലിനും അയാളുടെ അച്ഛനും ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
2008ല്‍ ബിഎസ്‌പി സ്ഥാനാർഥിയായി മത്സരിച്ച ശേഷം കപിലിന്‍റെ കുടുംബം രാഷ്ട്രീയ പാർട്ടികളുമായി അകലം പാലിച്ചിരുന്നുവെന്നും ഫതേഷ് സിങ് വ്യക്തമാക്കി. അതേസമയം, ആം ആദ്മി പാർട്ടി പൊലീസിന്‍റെ വാദങ്ങൾ തള്ളി. അമിത് ഷാ എന്ത് വൃത്തി കെട്ട രാഷ്ട്രീയവും കളിക്കുന്നയാളാണ് എന്ന് ആം ആദ്മി എംപി സഞ്ജയ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ നാടകമാണ് കപിലിന്‍റെ അറസ്റ്റെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു.