ലഖ്‌നൗ: രാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾക്ക് റാഗിങ്. തല താഴ്ത്തിപ്പിടിച്ച് ഒരു വരിയിൽ നടക്കാനാണ് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടത്. 200ഓളം ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് റാഗിങിനിരയായത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ തല കുനിച്ച് വരിയായി നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങിനെതിരെ കേന്ദ്ര സർക്കാരിൻ്റെ ആൻ്റി റാഗിങ് സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് സ്ഥാപനം നാല് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മറ്റ് മുതിർന്ന വിദ്യാർഥികൾക്ക് നോട്ടീസും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചെറിയ സംഭവം പോലും സ്ഥാപനം ഗൗരവമായി കാണുന്നുണ്ടെന്നും റാഗിങിനെതിരെ കർശന നടപടിയെടുക്കുമെന്നും സ്ഥാപന വക്താവ് വിക്രം സിങ് പറഞ്ഞു.