ന്യൂഡൽഹി: മെയ്, ജൂൺ മാസങ്ങളിൽ നാല് ദിവസം വരെ ശമ്പളമില്ലാതെ നിർബന്ധിത അവധിക്ക് പോകാൻ വിസ്താര എയർലൈൻസ് ഉയർന്ന ജീവനക്കാരോട് ആവശ്യപ്പെട്ടു. ലെവൽ 1 എ, 1 ബി എന്നിവയിലെ പൈലറ്റുമാരും സ്റ്റാഫുകളും ഒഴികെയുള്ള എല്ലാ ജീവനക്കാരും ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കേണ്ടതുണ്ട്. ലെവൽ നാല്, അഞ്ചിലെ ജീവനക്കാർ നാല് ദിവസത്തേക്ക് അവധിയിൽ പ്രവേശിക്കണം ലെവൽ രണ്ടിലെയും മൂന്നിലെയും ജീവനക്കാർ പ്രതിമാസം മൂന്ന് ദിവസം സിഎൻപിഎൽ, ലെവൽ ഒന്ന് സിയിലെ ജീവനക്കാര്‍ പ്രതിമാസം ഒരു ദിവസത്തെ സിഎൻപിഎല്ലിലേക്ക് പോകണമെന്നും വിസ്താര സിഇഒ ലെസ്ലി തംഗ് ജീവനക്കാരോട് ആവശ്യപ്പെട്ടു.
മാർച്ച് 27ന് എയർലൈൻ ഉയർന്ന ജീവനക്കാർക്ക് ഏപ്രിൽ ഒന്ന് മുതൽ 14 വരെ മൂന്ന് ദിവസം ശമ്പളമില്ലാതെ നിർബന്ധിത അവധി ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 15 മുതൽ 30 വരെ ശമ്പളമില്ലാതെ നിർബന്ധിത അവധിക്ക് പോകണമെന്ന് ലെസ്ലി തംഗ് പറഞ്ഞിരുന്നു. പൈലറ്റുമാർക്കുള്ള പ്രതിമാസ ബേസ് ഫ്ലൈയിംഗ് അലവൻസ് 20 മണിക്കൂറായി കുറച്ചു. അതനുസരിച്ച് അവരുടെ പ്രതിമാസ വേതനത്തിൽ മാറ്റങ്ങൾ വരുത്തും. നേരത്തെ പൈലറ്റുമാർക്ക് അടിസ്ഥാന ഫ്ലൈയിംഗ് അലവൻസ് പ്രതിമാസം 70 മണിക്കൂർ നൽകിയിരുന്നു. കാബിൻ ക്രൂ, മറ്റ് ഫ്രണ്ട് ലൈൻ സ്റ്റാഫ്, ജൂനിയർ കോർപ്പറേറ്റ് ഓഫീസ് ജീവനക്കാർ എന്നിവരുൾപ്പെടെ 70ശതമാനം വിസ്താര സ്റ്റാഫുകളെ ഈ തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്‍റര്‍നാഷണല്‍ എയർ ട്രാൻസ്‌പോര്‍ട്ട് അസോസിയേഷന്‍റെ (ഐഎടിഎ) പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വിമാനക്കമ്പനികൾക്ക് 11.2 ബില്യൺ ഡോളർ വരുമാന നഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് 2.9 ദശലക്ഷം ആളുകളുടെ ജോലികൾ നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ട്. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ഇന്ത്യയിലെ വിമാനക്കമ്പനികൾ മാർച്ച് 25 മുതൽ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.