ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിന് മരണശിക്ഷ നല്‍കണമായിരുവെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടംബം. കുൽദീപ് സെന്‍ഗാറിന് വധശിക്ഷ നൽകേണ്ടതായിരുന്നു, എങ്കില്‍ മാത്രമെ പൂർണ നീതി ലഭിക്കുമായിരുന്നുള്ളു. വധശിക്ഷ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുമായിരുന്നുവെന്നും ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. സെന്‍ഗാര്‍ ജയിലിലാണെങ്കില്‍പ്പോലും ഭയമാണ് പുറത്തുവന്നാല്‍ അയാള്‍ തങ്ങളെ ഇല്ലാതാക്കുമെന്നും സഹോദരി പറഞ്ഞു.
ഡല്‍ഹി തീസ് ഹസാരി കോടതിയാണ് സെൻഗാറിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പത്ത് ലക്ഷം രൂപ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും വേണ്ട സുരക്ഷ നല്‍കണമെന്നും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017 ലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്.