ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ശിവസേന ഒരു കോടി രൂപയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 11 ലക്ഷം രൂപയും നൽകി. രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി ആണ് ശിവസേനയുടേയും ആദിത്യനാഥിന്‍റേയും സംഭാവന സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
അടുത്ത വർഷം ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെ നടക്കുന്ന രാമക്ഷേത്രം നിർമാണ നിധി ഫണ്ടിലേക്ക് ഭക്തരുടെ പിന്തുണ അഭ്യർഥിക്കുന്നതായും റായ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർ വീടുതോറും സന്ദർശനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിന് ട്രസ്റ്റിന് അംഗീകാരം ഇല്ലാത്തതിനാൽ ബഹുജന സമ്പർക്ക പരിപാടിയിലൂടെ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിക്കുന്ന ആഭ്യന്തര ഫണ്ട് ഉപയോഗിച്ചാകും ക്ഷേത്രം നിർമ്മിക്കുകയെന്ന് റായ് നേരത്തെ ന്യൂഡൽഹിയിൽ പറഞ്ഞിരുന്നു. രാം ഭക്തരിൽ നിന്ന് സ്വമേധയാ ഉള്ള സംഭാവനകൾ സ്വീകരിക്കുംമെന്നും ഇതിനായി 10, 100 , 1,000 രൂപ കൂപ്പണുകൾ ലഭ്യമാക്കുമെന്നും റായി അറിയിച്ചു.