ന്യൂഡൽഹി: സൈന്യത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് താല്‍ക്കാലികമായി ആയിരിക്കണമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ നമ്മള്‍ തന്നെ നിര്‍മിച്ച് സ്വയം പര്യാപ്‌തരാകണമെന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദേശിക്കുകയുണ്ടായി. പ്രതിരോധം പോലുള്ള നിര്‍ണായക മേഖലയിലെ ഇന്ത്യയുടെ ആശ്രയത്വം ദശാബ്‌ദങ്ങളായി തുടര്‍ന്നു വരുന്നതാണ്. താല്‍കാലികം, സ്വയം പര്യാപ്‌തത എന്നിങ്ങനെയുള്ള വാക്കുകളുടെ യഥാര്‍ഥ അര്‍ഥം എന്താണെന്ന് മനസിലാക്കുവാനുള്ള വിവേകം ഇല്ലാതെ പോയ നമ്മുടെ ഭരണാധികാരികളുടെ ഹ്രസ്വ ദൃഷ്ടിയാണ് ഇതിനു കാരണമായത്. അതാകട്ടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇറക്കുമതികളിലൂടെ രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് ദശാബ്‌ദങ്ങളില്‍ പ്രതിരോധ ഉപകരണങ്ങള്‍ പ്രാദേശികമായി ഉല്‍പാദിപ്പിച്ച് സ്വയം പര്യാപ്‌തത നേടിയെടുക്കുന്നതിനു വേണ്ടി എട്ട് കമ്മിറ്റികളും ടാസ്‌ക് ഫോഴ്‌സുകളും നിരവധി റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും നല്‍കുകയുണ്ടായി. പക്ഷെ ഫലപ്രദമായ നടപ്പിലാക്കല്‍ പദ്ധതി ഇല്ലാതെ പോയതിനാല്‍ പ്രശ്‌നം എവിടെ തുടങ്ങിയോ അവിടെ തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രി ആത്മ നിര്‍ഭര്‍ ഭാരത് (സ്വയം പര്യാപ്‌ത ഭാരതം) എന്ന് നാമകരണം ചെയ്‌തു കൊണ്ട് തയ്യാറാക്കിയ തന്ത്ര രേഖയില്‍ പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്‌തത കൈവരിക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശം നല്‍കുന്ന നയ പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ട്. 2025ഓടു കൂടി 75 ലക്ഷം കോടി രൂപയുടെ ആഭ്യന്തര വിറ്റു വരവും 35 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും സാധ്യമാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി പ്രതിരോധ ഉല്‍പന്ന കയറ്റുമതി വികസന നയ രൂപഘടന തയ്യാറാക്കിയിട്ടുണ്ട്.
നിലവിലെ ആഭ്യന്തര പ്രതിരോധ ഉല്‍പാദനത്തിന്‍റെ വിറ്റു വരവ് 80000 കോടി രൂപയാണ്. പൊതു മേഖലാ കമ്പനികളുടെയും സര്‍ക്കാരിന്‍റെയും ആയുധ ഫാക്ടറികളുടെ ഓഹരി പങ്കാളിത്തം 63000 കോടി രൂപയും. പ്രതിരോധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി 2001 മുതല്‍ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട് എന്ന് നമ്മള്‍ പറയുന്നു എങ്കിലും അവരുടെ വിറ്റു വരവ് 17000 കോടി രൂപയില്‍ പരിമിതപ്പെട്ടു നില്‍ക്കുന്നു. 52000 കോടി രൂപ നമ്മുടെ ആഭ്യന്തര പ്രതിരോധ വ്യവസായത്തിന് പുതിയ ജീവശ്വാസം നല്‍കുന്നതിനു വേണ്ടി ഈ വര്‍ഷം ആഭ്യന്തര സംഭരണത്തിനായി വഴി തിരിച്ചു വിടുമെന്ന് പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 101 പ്രതിരോധ ഇറക്കുമതി ഉല്‍പന്നങ്ങള്‍ നിരോധിച്ചു. നാല് ലക്ഷം കോടി രൂപയുടെ ഓര്‍ഡറുകള്‍ അടുത്ത ആറ് വര്‍ഷത്തിലായി ആഭ്യന്തര വ്യവസായ മേഖലയ്ക്ക് നല്‍കും. സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ അനിവാര്യമാണ്.
ലോകത്തെ രണ്ടാമത്തെ വലിയ സായുധ സേനാ ശക്തിയായ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ആയുധ, സൈനിക ഉപകരണ ഇറക്കുമതിക്കാര്‍ കൂടിയാണെന്നതാണ് വിരോധാഭാസം. പ്രതിരോധ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വേണ്ടി ദശാബ്‌ദങ്ങളോളമായി റഷ്യയെ ആശ്രയിച്ചു വരുന്നത് ഇന്ത്യയെ പലപ്പോഴും കടുത്ത പ്രശ്‌നങ്ങളില്‍ അകപ്പെടുത്തിയിട്ടുണ്ട്. പുതിയ സഹസ്രാബ്‌ദത്തിലെ യുദ്ധ മേഖലയില്‍ കാലാള്‍പ്പടയുടെ പ്രാധാന്യം കുറഞ്ഞു വരുന്ന ഇക്കാലത്ത് വ്യോമ, നാവിക, ബഹിരാകാശ, സൈബര്‍ മേഖലകളിലെ ശാസ്ത്രീയമായ പ്രതിരോധ ഗവേഷണത്തിന് അതീവ പ്രാധാന്യം കൈവരുന്നു എന്നുള്ളത് ഏത് രാജ്യത്തിന്‍റെയും നിലനില്‍പിന് പ്രധാനമാണ്. സ്വകാര്യ മേഖലയെ അവഗണിക്കുകയോ ഒമ്പത് പൊതു മേഖലാ കമ്പനികളെയും 41 വെടിക്കോപ്പ് നിര്‍മാണ ശാലകളേയും മാത്രം ആശ്രയിക്കുകയോ ചെയ്‌താല്‍ സ്വയം പര്യാപ്‌തമായ ഒരു പ്രതിരോധ മേഖല ഒരു മരീചികയായി തന്നെ അവശേഷിക്കും.
വിവിധ പ്രതിരോധ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി ഇന്ത്യ 1.3 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ട്. അതില്‍ തന്നെ 77000 കോടി രൂപ പൊതു മേഖലയിലേക്ക് തിരിച്ചു വിടുന്നു. അതേ സമയം 350000 സൂക്ഷ്മ, ചെറുകിട വ്യവസായങ്ങള്‍ ഉള്ള സ്വകാര്യ മേഖലയ്ക്ക് ലഭിക്കുന്നതോ വെറും 14000 കോടി രൂപ മാത്രം. പ്രതിരോധ മേഖലയിലെ നേരിട്ടുള്ള വിദേശ മുതല്‍ മുടക്ക് കേന്ദ്ര സര്‍ക്കാര്‍ 74 ശതമാനമായി ഉയര്‍ത്തിയത് സ്വയം പര്യാപ്‌തതാ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കണമെന്നുണ്ടെങ്കില്‍ സ്വകാര്യ മേഖലയ്ക്ക് സഹായ ഹസ്‌തം നീട്ടിയാല്‍ മാത്രമേ കഴിയൂ. എന്നാല്‍ അത് ഇപ്പോഴും തുടക്കത്തിലെ അസ്ഥിരതയില്‍ തന്നെ കഴിയുകയാണ്.
ലോകത്തെ ഏറ്റവും മികച്ച 100 പ്രതിരോധ വ്യവസായങ്ങളില്‍ 35ആം സ്ഥാനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡിനുള്ളത്. ഇന്ത്യയുടെ പ്രതിരോധ മേഖല തുടര്‍ന്നും സജീവമായി നിലകൊള്ളുന്നു എന്ന് ഉറപ്പു വരുത്തുവാനുള്ള എല്ലാ മുന്‍ കരുതലുകളും കേന്ദ്രം എടുക്കേണ്ടതുണ്ട്. കാലാ കാലങ്ങളില്‍ അത്യന്താധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയും, പ്രാദേശിക ഗവേഷണങ്ങളിലൂടെ തകര്‍ക്കാനാവാത്ത ആയുധങ്ങള്‍ക്ക് രൂപ കല്‍പന നല്‍കുകയും ചെയ്യണം. ഇന്ത്യയില്‍ നിര്‍മിക്കുക എന്നുള്ള പരിപാടി ഉദാരവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്‌തത കൈവരിക്കാനാകൂ. അതോടൊപ്പം തന്നെ വിദേശത്തു നിന്നുള്ള നേരിട്ടുള്ള മുതല്‍ മുടക്ക് കാത്തു സൂക്ഷിക്കുകയും, പ്രാദേശിക ഉല്‍പാദന വ്യവസായത്തിന്‍റെ നൈപുണ്യവും കരുത്തും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.