ലഖ്നൗ: ഹത്രാസ് ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ദലിത് യുവതിയുടെ കുടുംബത്തിന്‍റെ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും സഹോദരന് രണ്ട് തോക്കുധാരികളായ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നൽകിയിട്ടുണ്ടെന്നും ഉത്തർപ്രദേശിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. ഹത്രാസിലെ ഇരയുടെ വീടിന് ചുറ്റും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കുമാർ അവസ്തി പറഞ്ഞു. കുടുംബത്തിൽ 24 മണിക്കൂർ സുരക്ഷയ്ക്കായി 12 മുതല്‍ 15 പൊലീസ് കോണ്‍സ്റ്റബിള്‍മാരെ വിന്യസിച്ചിട്ടുണ്ടെന്നും സഹോദരനു വേണ്ടി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഹത്രാസ് പൊലീസ് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാൻ വിപുലമായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ അറിയിച്ചു. കോൺസ്റ്റബിൾമാരെ കൂടാതെ മൂന്ന് എസ്എച്ച്ഒമാരെയും ഡെപ്യൂട്ടി എസ്പി റാങ്ക് ഉദ്യോഗസ്ഥനെയും, വനിതാ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മജിസ്‌ട്രേറ്റുമാരും ഉണ്ട്.
ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നൽകണമെന്ന ആവശ്യവുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രംഗത്തെത്തിയിരുന്നു. സുരക്ഷ നൽകാനാകില്ലെങ്കിൽ അവരെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.19 കാരിയായ ദലിത് യുവതിയെ സെപ്റ്റംബർ 14 ന് ഹത്രാസിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സെപ്റ്റംബർ 29 ന് ചികിത്സയ്ക്കിടെ ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സെപ്റ്റംബർ 30 ന് രാത്രി വീടിനടുത്ത് വീട്ടുകാരെ കാണിക്കാന്‍ പോലും കൂട്ടാക്കാതെ പൊലീസ് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.