ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ അനന്ദ്നാഗില്‍ ജെയ്‌ഷെ ഭീകരരുടെ താവളം സുരക്ഷാസേന തകര്‍ത്തു. സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ ആറ് പേര്‍ പിടിയിലായി. ട്രാല്‍, സംഗം മേഖലകളില്‍ നടന്ന ഗ്രനേഡ് ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. അവന്ദിപോറ പൊലീസ്, 42 രാഷ്‌ട്രീയ റൈഫിള്‍സ്, 180 ബിഎന്‍ സിആര്‍പിഎഫ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തിയത്.
നിരവധി ആയുധങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഭീകരരുടെ കൂട്ടാളികളായ അജാസ് ബട്ട്, മുഹമ്മദ് അമിന്‍ ഖാന്‍, ഉമര്‍ ജാബര്‍ ദര്‍, സുഹൈയ്‌ല്‍ അഹമ്മദ് ബട്ട്, സമീര്‍ അഹമ്മദ് ലോണ്‍, റഫീഖ് അഹമ്മദ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ട്രാലില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ഭീഷണിപ്പെടുത്തിയ പോസ്റ്ററുകള്‍ ഒട്ടിച്ചവത് ഇവരാണെന്നും പൊലീസ് അറിയിച്ചു.