ന്യൂഡല്‍ഹി: അണ്‍ലോക്ക് 5ന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ അനുമതി നല്‍കിയതിന് പിന്നാലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറിക്കിയിരിക്കുന്നത്. അതാത് സ്ഥലങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സംവിധാനങ്ങളൊരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അനുമതി നൽകണമെന്നും സ്‌കൂളില്‍ വരണമെന്നാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതപത്രം വേണമെന്നും നിര്‍ദേശമുണ്ട്.
സ്‌കൂളുകള്‍ തുറക്കുകയാണെങ്കില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം പാലിച്ച് ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കണ്ടെയ്‌ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല. അതേസമയം സ്കൂളുകളിൽ പൊതുചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്.