ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തേക്ക് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുപ്രീം കോടതി നടപടികള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാദം കേള്‍ക്കലടക്കമാണ് നിര്‍ത്തിവെച്ചത്. ലോക്‌ഡൗണ്‍ പശ്ചാത്തലത്തില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, എല്‍ നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചുകള്‍ക്ക് മുമ്പാകെ ഇന്ന് നിശ്ചയിച്ചിരുന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള നടപടികളടക്കം റദ്ദാക്കിയതായി സുപ്രീം കോടതി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
രാജ്യത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ദൈനംദിന നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി തിങ്കളാഴ്‌ച തീരുമാനിച്ചിരുന്നു. ചൊവ്വാഴ്‌ച മുതല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ മാത്രം വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കാനായിരുന്നു സുപ്രീം കോടതിയുടെ നേരത്തെയുള്ള തീരുമാനം.