ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുൻ ധനമന്ത്രി പി.ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. രാജ്യം വിട്ടു പോകരുതെന്ന് നിര്‍ദേശമുണ്ട്. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ആഗസ്റ്റ് 21നായിരുന്നു ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്‌തത്. ജസ്റ്റിസ് ആര്‍ ഭാനുമതി, എ.എസ്.ബൊമ്മണ്ണ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ കമ്പനിയായ ഐഎൻഎക്‌സ് മീഡിയക്ക് വഴിവിട്ടു വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. 2017 മേയ് 15നായിരുന്നു സിബിഐ കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചതായി ആരോപിച്ചു കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും കേസെടുക്കുകയായിരുന്നു. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരവും കേസിൽ അന്വേഷണം നേരിടുന്നുണ്ട്.