ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേയില്ല. പൗരത്വ ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടേക്കും. ഹർജികളില്‍ വിശദീകരണം നല്‍കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ചു. ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. സിഎഎയുമായി ബന്ധപ്പെട്ട 144 ഹർജികളാണ് സുപ്രീംകോടതിയുടെ മുന്നിലുണ്ടായിരുന്നത്. അതില്‍ 80 ഹര്‍ജികള്‍ക്ക് കൂടി മറുപടി നല്‍കാനുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൂടുതല്‍ ഹർജികൾ അനുവദിക്കരുതെന്നും കേന്ദ്ര സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടും പിന്തുണയ്ക്കുന്നതുമാണ് ഹർജികള്‍. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസില്‍ ഇത്രയും ഹര്‍ജികള്‍ പരിഗണനയില്‍ വരുന്നത്. ഹർജികൾ രണ്ടായി പരിഗണിക്കാമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിലപാട് എടുത്തത്. അസം, ത്രിപുര ഹർജികൾ പ്രത്യേകം പരിഗണിക്കും.
അതേസമയം, നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാര്‍ സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിച്ചില്ല. ഹർജിയെ എതിർത്തുകൊണ്ട് കോൺഗ്രസും മുസ്ലിം ലീഗും തൃണമൂലും സിപിഎമ്മും ഡിഎംകെയും ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 എന്നിവക്ക് വിരുദ്ധമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.