ന്യൂഡല്‍ഹി: കശ്‌മീര്‍ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ തടങ്കല്‍ വിഷയത്തില്‍ സാറാ അബ്ദുൾ പൈലറ്റിന്‍റെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാർച്ച് അഞ്ചിലേക്ക് മാറ്റി. തടങ്കലില്‍ വച്ചാല്‍ ആദ്യം സമീപിക്കേണ്ടത് ഹൈക്കോടതിയെ ആണെന്നും സുപ്രീംകോടതി പരിഗണിക്കരുതെന്നുമുള്ള കേന്ദ്ര സർക്കാർ വാദം കോടതി തള്ളി. 1978ലെ പൊതു സുരക്ഷ നിയമപ്രകാരം ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ തടങ്കലില്‍ വയ്ക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയില്‍ ജമ്മു കശ്മീർ ഭരണകൂടം സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് അരുൺ മിശ്ര വാദം കേട്ടത്. ജമ്മു കശ്മീർ ഹൈക്കോടതിയെ സമീപിക്കാത്തതിന് ഒരു കാരണവും കാണിച്ചിട്ടില്ലെന്നും അറ്റോർണി ജനറല്‍ കെ.കെ വേണുഗോപാല്‍ ബെഞ്ചിനോട് പറഞ്ഞു.
മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍റ്റിജ പിഎസ്എ പ്രകാരം അമ്മയെ തടങ്കലില്‍ വെച്ചത് ചോദ്യം ചെയ്ത് മറ്റൊരു ഹർജി നല്‍കിയിട്ടുണ്ട്. രണ്ട് കേസുകളും ഒരുമിച്ച് കേൾക്കാമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു. മാർച്ച് 18ന് ഇല്‍റ്റിജയുടെ അപേക്ഷ പരിഗണിക്കും. സാറയുടെ അപേക്ഷ മാർച്ച് അഞ്ചിനും പരിഗണിക്കും. തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും പൊതുമുതലിന് യാതൊരുവിധ ഭീഷണിയും ഒമർ ഉയർത്തിയിട്ടില്ലെന്നും ഒമറിന്‍റെ സഹോദരിയും രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ ഭാര്യയുമായ സാറ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. പിഎസ്‌എയ്ക്ക് കീഴിൽ ഒമർ അബ്ദുള്ളയെ തടങ്കലിൽ വെച്ചതിനെ ചോദ്യം ചെയ്ത് ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിച്ച സാറാ, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള വ്യക്തികളെ തടഞ്ഞുവയ്ക്കാൻ സിആർപിസിക്ക് കീഴിലുള്ള അധികാരികൾക്ക് അവകാശമില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറുമാസമായി ഇതിനകം തടങ്കലിൽ കഴിയുന്ന ഒരാളെ വീണ്ടും തടങ്കലിൽ വെക്കാൻ കഴിയില്ല. തടങ്കലിൽ വയ്ക്കാനുള്ള ഉത്തരവിന് അനിവാര്യമായ യാതൊരു തെളിവും ഒമർ അബ്ദുള്ളയ്ക്കെതിരെ ഇല്ലെന്നും കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കും മറ്റ് നേതാക്കൾക്കുമെതിരെ ഫെബ്രുവരി അഞ്ചിനാണ് ജമ്മു കശ്മീർ ഭരണകൂടം കഠിനമായ തടങ്കല്‍ ആവശ്യപ്പെട്ടത്.