ന്യൂഡൽഹി: സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റ് ചോദ്യം ചെയ്‌ത് കെ.യു.ഡബ്ല്യു.ജെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ജനുവരിയിൽ പരിഗണിക്കും. മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റ് ചോദ്യംചെയ്താണ് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് ഹർജി സമർപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേരള പത്രപ്രവർത്തകരുടെ സമിതിയുടെ വാദവും കോടതി കേൾക്കും. കെ.യു.ഡബ്ല്യു.ജെയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബല്‍ എത്തുന്നതിനെ കോടതി അംഗീകരിച്ചില്ല.
സിദ്ദിഖ് കാപ്പനെതിരായി ഒരു കുറ്റവുമില്ലെന്നും ജയിലിൽ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും കെ.യു.ഡബ്ല്യു.ജെ ഹർജിയിൽ പറയുന്നു. കെ.യു.ഡബ്ല്യു.ജെ നേരത്തെ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഹത്രാസിലേക്കുള്ള യാത്രാമധ്യേയാണ് കാപ്പനെ യു.പി പൊലീസ് അറസ്റ്റുചെയ്തത്. ഹർജിയില്‍ സുപ്രീംകോടതി നേരത്തെ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയാണ് കപ്പൻ എന്നും 2018ൽ പ്രവർത്തനം നിലച്ച കേരള ആസ്ഥാനമായുള്ള ഒരു പത്രത്തിൻ്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ഹത്രാസിൽ എത്തിയതെന്നും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഒക്‌ടോബർ അഞ്ചിനാണ് കപ്പൻ അറസ്റ്റിലായത്.