ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് സുപ്രീം കോടതി സ്വമേധയാ അവലോകനം നടത്തി. ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എസ്. കെ. കൗൾ, ജസ്റ്റിസ് എം. ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇത് സംബന്ധിച്ച് നോട്ടീസ് നൽകി. റെയിൽവേ സ്റ്റേഷനുകൾ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിൽ വലിയൊരു വിഭാഗം ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതിനാൽ കുടിയേറ്റക്കാരുടെ പ്രതിസന്ധി തുടരുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മതിയായ ഗതാഗത ക്രമീകരണം, ഭക്ഷണം, പാർപ്പിടം എന്നിവ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. കുടിയേറ്റക്കാരുടെ ദുരിതങ്ങളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ തുടർച്ചയായി കാണുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് നിരവധി അപേക്ഷകളും പൊതുതാൽപര്യ ഹർജികളും സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നുവെങ്കിലും ഉചിതമായ നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതി പലതവണ വിസമ്മതിച്ചിരുന്നു.കോടതി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഉന്നത കോടതിയെ നിശിതമായി വിമർശിച്ചിരുന്നു.