ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ അമർനാഥ് യാത്രയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പുതിയ മാർഗ നിർദേശങ്ങൾ നൽകണമെന്ന ഹർജി സുപ്രീം കോടതി നിരസിച്ചു. തീർഥാടകർക്ക് സന്ദർശനം അനുവദിക്കുന്നതിനും അവരുടെ സുരക്ഷയ്ക്കായുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതുമായ തീരുമാനം എക്‌സിക്യൂട്ടീവിന്‍റെ പരിധിയിൽ വരുന്നതാണെന്നും ഭരണകൂടം ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ശ്രീ അമർനാഥ് ബർഫാനി ലങ്കാർസ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ മറുപടി.
കൊവിഡിനെ തുടർന്ന് ഈ വർഷത്തെ അമർനാഥ് യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ, ജമ്മു കശ്‌മീർ സർക്കാർ, ശ്രീ അമർനാഥ്ജി ദേവാലയം ബോർഡ് എന്നിവർക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജി.