ന്യൂഡല്‍ഹി: നീറ്റ് എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സൗകര്യമൊരുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പരീക്ഷയെഴുതാന്‍ വന്ദേ ഭാരത് വിമാനങ്ങളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദേശത്ത് പരീക്ഷ കേന്ദ്രങ്ങളൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹര്‍ജി കോടതി തള്ളി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ 14 ദിവസം ക്വാറന്‍റൈന്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാകില്ലെന്നും ക്വാറന്‍റൈന്‍ ഇളവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തിമാക്കി.
വിദ്യാര്‍ഥികള്‍ക്ക് വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലെത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പ് മന്ത്രിമാരെ അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ കോടതി ചുമതലപ്പെടുത്തി. സെപ്റ്റംബര്‍ 13 നാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ നാലായിരത്തോളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെയായിരുന്നു നീക്കം.