ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സജ്ജന്‍ കുമാറിന്‍റെ ജാമ്യാപേക്ഷ നിരസിച്ച് സുപ്രീം കോടതി. ജാമ്യാപേക്ഷ ജൂലയില്‍ വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ അറസ്റ്റിലായ മുന്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറാണ് ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. സജ്ജന്‍ കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. എംയിസിലെ പരിശോധനയ്‌ക്ക് ശേഷം ജയിലിലേക്ക് മാറ്റിയെന്നും പിന്നീട് കൊവിഡായതിനാല്‍ പരിശോധന തടസപ്പെട്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ആശുപത്രി റിപ്പോര്‍ട്ടുകള്‍ പ്രകാരം സജ്ജന്‍ കുമാറിന് ആശുപത്രി വാസം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും ജാമ്യാപേക്ഷയെ എതിര്‍ത്തു. 2017 ഡിസംബര്‍ 18 നാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് വിധിക്കുന്നത്. 1984 ഒക്‌ടോബര്‍ 31 ന് ഇന്ദിരാഗാന്ധിയെ രണ്ട് സിഖ് അംഗരക്ഷകര്‍ വധിച്ചതോടെ സിഖ് വിരുദ്ധ കലാപം പൊട്ടിപുറപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ രാജ് നഗറില്‍ അഞ്ച് സിഖുകാരെ വധിച്ച കേസിലാണ് സജ്ജന്‍ കുമാര്‍ അറസ്റ്റിലായത്.