ന്യൂഡല്‍ഹി: ഓഗസ്റ്റ് 31 വരെ കുടിശിക വരുത്തിയ അക്കൗണ്ടുകൾ രണ്ട് മാസത്തേക്ക് നിഷ്ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൊറട്ടോറിയം നീട്ടി നല്‍കണമെന്ന ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസില്‍ സെപ്തംബർ 10ന് കോടതി തുടർ വാദം കേൾക്കുന്നത് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. കൊവിഡും ലോക്ക്ഡൗണും മൂലമുണ്ടായ ഭാരം ലഘുകരിക്കാനുമാണ് മൊറട്ടോറിയമെന്നും പലിശ ഒഴിവാക്കാനുള്ളതല്ലെന്നും ആർബിഐ കോടതിയെ അറിയിച്ചു.
90 ദിവസത്തേക്ക് പണമടയ്ക്കാത്തതിരുന്നാല്‍ ഒരു അക്കൗണ്ട് എൻപിഎ ആയി മാറുമെന്ന് ആർബിഐ വിശദീകരിച്ചു. ലോക്കഡൗണും കൊവിഡും മൂലം പ്രഖ്യാപിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു.
സമ്പൂർണ ഇളവ് തിരഞ്ഞെടുക്കുന്നതിനുപകരം മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ റിസർവ് ബാങ്കുമായി ചേർന്ന് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്ക് വാദിച്ചു. നിർദിഷ്ട മാർഗ നിർദേശങ്ങൾക്കായി, സെപ്റ്റംബർ 6ന് വിദഗ്ധ സമിതി രൂപീകരിക്കുമെന്നും റിസർവ് ബാങ്കിന് വേണ്ടി ഹാജരായ എസ്.ജി തുഷാർ മേത്ത അറിയിച്ചു.