ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് നല്‍കി. സച്ചിന്‍ ജെയിനാണ് സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രികളുടെ വാദം കൂടി കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയത്.
ആരോഗ്യ മേഖലയിലെ വാണിജ്യവല്‍ക്കരണം നിയന്ത്രിക്കണമെന്നും ലാഭേച്ഛയില്ലാതെ രോഗികളെ ചികിത്സിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് സേവനനിരക്ക് തടസമില്ലാതെ ഈടാക്കാന്‍ സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും ആശുപത്രികള്‍ക്ക് എത്ര നിരക്ക് ഈടാക്കാമെന്ന യാതൊരു നിബന്ധനകളുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 10 മുതല്‍ 12 ലക്ഷം വരെ കൊവിഡ് ചികിത്സയ്‌ക്കായി ഫീസ് ഈടാക്കിയ ആശുപത്രിയിലെ രോഗികളെ കണ്ടിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.