ന്യൂഡൽഹി: ഹത്രാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമപ്പിച്ച ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും സുപ്രീംകോടതി നോട്ടീസയച്ചു. സർക്കാരിനും പൊലീസിനും പറയാനുള്ളത് കേട്ടിട്ട് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാതെ എന്തുകൊണ്ടാണ് സുപ്രീം കോടതിയിൽ നേരിട്ട് ഹർജി സമർപ്പിച്ചതെന്ന് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.
അഭിഭാഷകൻ കപിൽ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായത്. എഫ്‌ഐആറിൽ കാപ്പന്‍റെ പേരില്ലെന്നും യാതൊരു കുറ്റകൃത്യങ്ങളും ചുമത്തിയിട്ടില്ലെന്നും സിബൽ കോടതിയിൽ വ്യക്തമാക്കി. നാലാഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതിനിടെ മാധ്യമപ്രവർത്തകരുടെ സംഘത്തിന് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 5നാണ് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കപ്പൻ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായത്.