ന്യൂഡല്‍ഹി: മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. 2020-21 അധ്യയന വര്‍ഷത്തില്‍ എംബിബിഎസ് പ്രവേശനത്തിനായി ഫീസ് വര്‍ധനയെ അനുകൂലിക്കുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫീസ് നിര്‍ണയ സമിതിയുടെ തീരുമാനം കേരള ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. കോളജുകള്‍ നിശ്ചയിക്കുന്ന ഫീസ് നല്‍കേണ്ടി വരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മിതമായ നിരക്കില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കണമെന്നാണ് കേരളത്തിന്‍റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മെഡിക്കല്‍ കോളജുകള്‍ക്ക് ഫീസ് നിശ്ചയിക്കാനുള്ള അധികാരം നല്‍കുന്നത് സുപ്രീം കോടതി വിധികള്‍ക്ക് എതിരാണെന്നും സര്‍ക്കാറിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.