ന്യൂഡല്‍ഹി: കേസുകള്‍ പരിഗണിക്കുന്നതില്‍ സുപ്രീം കോടതി രജിസ്‍ട്രാര്‍ പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അനാവശ്യമായ ഹര്‍ജിയെന്ന് വിലയിരുത്തിയ കോടതി ഹര്‍ജിക്കാരന് 100 രൂപ പിഴ വിധിച്ചു. ജസ്‌റ്റിസുമാരായ അരുണ്‍ മിശ്ര, എസ്.എ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിക്കാരനായ അഭിഭാഷകൻ റീപല്‍ കല്‍സാലിന് പിഴ ശിക്ഷ വിധിച്ചത്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വീഡിയോ കോണ്‍ഫറൻസിങ് നടക്കാത്തതിനാല്‍ ഫോണ്‍ വഴിയാണ് വിധി പ്രഖ്യാപിച്ചത്.
സുപ്രീകോടതിയില്‍ പരിചയ സമ്പത്തുള്ളവരും പ്രസിദ്ധരുമായ അഭിഭാഷകരുടെ കേസുകള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നുവെന്നാണ് ഹര്‍ജിക്കാരൻ വാദിച്ചത്. സുപ്രീം കോടതി സെക്രട്ടറി ജനറലും മറ്റ് ഉദ്യോഗസ്ഥരും ഇത്തരം പക്ഷാപാതപരമായ നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാനുള്ള സംവിധാനങ്ങളില്ലെന്നും റീപല്‍ കല്‍സാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല. രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന കോടതി ജീവനക്കാര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ അനിഷ്ടം രേഖപ്പെടുത്തുന്നതായും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.