ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതി അന്വേഷിച്ച സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് ഇത് സംബന്ധിച്ച് യുവതി കത്ത് നൽകി. സുപ്രീം കോടതി മുന്‍ ജീവനക്കാരിയാണ് പരാതിക്കാരിയായ യുവതി.
അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്‍റെ പകർപ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടി. പരാതിയിൽ കഴമ്പില്ലെന്ന കണ്ടെത്തൽ എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കത്തിൽ യുവതി അന്വേഷിക്കുന്നു.
ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി അന്വേഷിച്ചത്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ആഭ്യന്തര അന്വേഷണ സമിതി പീഡന പരാതി തള്ളിയിരുന്നു. അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തില്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്നും സമിതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ആരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു.