ന്യൂഡല്‍ഹി: ടിആര്‍പി തട്ടിപ്പു കേസില്‍ റിപ്പബ്ലിക് ചാനലിനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി. മുംബൈ പൊലീസാണ് ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദു ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വാര്‍ലിയില്‍ ചാനലിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നതിനാല്‍ മാധ്യമഗ്രൂപ്പ് ബോംബെ ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ചാനലിന് വേണ്ടി ഹാജരായത്.
കേസുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിന്‍റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ മുംബൈ പൊലീസ് വിളിപ്പിച്ചിരുന്നു. റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെ മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. റേറ്റിംഗ് നിശ്ചയിക്കുന്ന ബാര്‍ക്ക് സംഘടന പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തില്‍ വരുന്നത്. റിപ്പബ്‌ളിക് ചാനലിന്‍റെ ഉടമസ്ഥരായ ആര്‍ഗ് ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഏതൊക്കെ ടിവി പരിപാടികളാണ് ഏറ്റവും കൂടുതല്‍ കാണുന്നതെന്നും, ജനപ്രീതിയാര്‍ജിച്ച ചാനല്‍ അറിയാനും ടിആര്‍പി റേറ്റിംഗ് (ടെലിവിഷന്‍ റേറ്റിംഗ് പോയിന്‍റ്) അനുസരിച്ച് മനസിലാക്കാവുന്നതാണ്.