ന്യൂഡൽഹി: ബാങ്കുകളിലെ വായ്‌പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലെ കൊവിഡ് സാഹചര്യത്തിൽ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും വായ്‌പയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിലപാട് ആവശ്യപ്പെട്ടത്.
ജസ്റ്റിസ് അശോക് ഭൂഷൺ അടങ്ങുന്ന ബെഞ്ച് കൂടുതൽ വാദം കേൾക്കാനായി കേസ് പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടി. പലിശ പൂർണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയ്ക്കുകയോ ചെയ്യണമെന്നാണ് സുപ്രീംകോടതിയിൽ ഹർജിക്കാരുടെ വാദം. വിഷയത്തിൽ ബാങ്കുകളുമായും മറ്റ് പങ്കാളികളുമായും ചർച്ചകൾ നടത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ബാങ്കുകൾ നൽകിയിരുന്ന മൊറട്ടോറിയത്തിന്‍റെ കാലാവധി സെപ്‌റ്റംബർ നാലിന് അവസാനിച്ചിരുന്നു.