ന്യൂഡല്‍ഹി: അഴിമതി, ഭീകരവാദം കേസുകളില്‍ പ്രത്യേക നിയമപ്രകാരം കുറ്റവാളിക്ക് വിവിധ ജയില്‍ ശിക്ഷകൾ ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയില്‍ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചു. അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയില്‍ ഉടൻ വാദം കേൾക്കാമെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു. നിരവധി കുറ്റങ്ങൾക്ക് ഒരേസമയം വിവിധ ജയിൽ ശിക്ഷ അനുഭവിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ (സിആർപിസി) വ്യവസ്ഥ ഗുരുതരമായ കേസുകളിൽ പ്രതികൾക്ക് ബാധകമാക്കരുതെന്ന് ഹർജിയിൽ പറയുന്നു.
ഈ വർഷം മാർച്ചില്‍ അടിയന്തര വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. കേന്ദ്രത്തിന്‍റെ മറുപടി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ വാദം കേൾക്കുന്നതിനായി ഹർജി പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. യുഎപിഎ, അഴിമതി നിരോധന നിയമം, ബിനാമി സ്വത്ത് ഇടപാടുകൾ നിരോധിക്കൽ നിയമം, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് പോലുള്ള പ്രത്യേക നിയമങ്ങൾക്ക് സിആർപിസിയിലെ സെക്ഷൻ 31 ബാധകമാക്കരുതെന്നും ആവശ്യം.